മോറക്കാല സെന്റ് മേരീസ് 100 ന്റെ നിറവില്‍

Tuesday 25 September 2018

മോറക്കാല സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്

നെഞ്ചോട് ചേർത്ത് പള്ളിക്കര..
വളരെ അപ്രതീക്ഷിതം ആയിട്ടാണ് മോറക്കാല സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ക്യാമ്പ് തുടങ്ങണം എന്ന തീരുമാനം ഉണ്ടായത്. കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത മഴ തന്നെ കാരണം.
പഞ്ചായത്തു പരിധിയിൽ വരുന്ന പ്രളയ ബാധിത പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കുക എന്നതാരുന്നു പ്രഥമ ഉദ്ദേശം . എന്നാൽ പ്രളയം സംഹാരം തുടർന്നപ്പോൾ പഞ്ചായത്തിന് പുറത്ത് നിന്നുള്ള നമ്മുടെ സഹോദരങ്ങളെ കൂടി ഉൾക്കൊള്ളിക്കേണ്ട സാഹചര്യം ഉണ്ട് എന്ന് കളക്ടറേറ്റിൽ നിന്നും അറിയിപ്പ് ലഭിച്ചു.സാഹചര്യം കണക്കിലെടുത്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഉൾപ്പടെ വിവിധ സംഘടനകളുടെയും അടിയന്തിര യോഗം ചേർന്ന് തയാറെടുപ്പുകൾ ആരംഭിച്ചു. ഇതിനോടകം തന്നെ പെരിങ്ങാല ICT സ്കൂളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി ക്യാമ്പ് ആരംഭിച്ചിരുന്നു.
ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ നാട്ടുകാരുടെ ഭാഗത്ത്‌ നിന്നുണ്ടായ സഹകരണം വളരെ എടുത്ത് പറയേണ്ട ഒന്നായിരുന്നു. കേട്ട പാതി കേൾക്കാത്ത പാതി ക്യാമ്പിലേക്ക് വേണ്ട സഹായങ്ങൾ അരിയായും പച്ചക്കറി ആയും വസ്ത്രങ്ങൾ എന്ന് വേണ്ട ഒരു കുടുംബത്തിലേക്ക് വേണ്ട ഉപ്പ് തൊട്ട് കർപ്പൂരം വരെ വളരെ പെട്ടെന്ന് സ്‌കൂളിലെത്തി. ഇതിനിടയിൽ ആദ്യ സംഘം ക്യാമ്പിലേക്ക് എത്തി.
പിന്നീട് ചെറുതും വലുതുമായ സംഘങ്ങൾ എത്തി. 300 പേർ നമ്മുടെ അതിഥികൾ ആയി പള്ളിക്കരയിൽ എത്തി. ഒന്നിനും ഒരു കുറവുമില്ലാതെ എന്തിനും ഏതിനും താങ്ങും തണലുമായി നമുക്ക് നിൽക്കാൻ പറ്റി എന്നുള്ളത് സാക്ഷ്യപ്പെടുത്തുന്നതാണ് ചേരനല്ലൂർ സ്വദേശി ലുസി ചേച്ചി പറഞ്ഞു വെച്ചത്.
ഇതിനോടകം നമ്മുടെ പ്രിയപ്പെട്ട ശ്രി VP Sajeendran MLA പലതവണ ക്യാമ്പ് സന്ദർശിക്കുകയും സൗകര്യങ്ങൾ നോക്കി കണ്ട് തൃപ്തി രേഖപ്പെടുത്തി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രി.ജിജോ വി തോമസിന്റെയും വാർഡ് മെമ്പര്മാരുടെയും നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയെ അഭിനന്ദിക്കുകയും ചെയ്തു.
നാട്ടിലെ എല്ലാ യുവജന സംഘടനകളിലെ യുവതി യുവാക്കളും ക്യാമ്പിൽ സജീവ പ്രവർത്തകർ ആയിരുന്നു. വെളുപ്പിനെ തുടങ്ങുന്ന 3 "ഷിഫ്റ്റ്‌" ഡ്യൂട്ടി സന്തോഷപൂർവം അവർ ഏറ്റെടുത്തു.
വ്യാപാരി വ്യാസായികളുടെ നേതൃത്വത്തിൽ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തി .
അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉള്ള അടുക്കള ഹോംലി ഫുഡ്‌ നല്ല രുചിയും അതിലേറെ സ്നേഹത്തോടെയും അതിഥികൾക്ക് വിളമ്പി .
വോളന്റീർസ് നേതൃത്വത്തിൽ മാനസിക സമ്മർദ്ദം കുറക്കാൻ വിവിധ കലാപരിപാടികൾ ക്ലാസുകൾ സംഘടിപ്പിച്ചു.
ഇന്ന് അവസാന ബാച്ച് ആളുകൾ തിരികെ സ്വന്തം ഭവനങ്ങളിലേക്കു പോവുകയാണ്. ഓരോ കണ്ണിലും നമുക്ക് കാണാം പ്രതീക്ഷയുടെ പൊൻകിരണങ്ങൾ, ജീവിതത്തെ ജയിച്ചു കേറാനുള്ള ദൃഢനിശ്ചയം.
"പള്ളിക്കരക്ക് ഞങ്ങൾ ഇനീം വരൂട്ടാ , നിങ്ങളെയെല്ലാം കാണാൻ " ഉച്ചഭക്ഷണ പൊതി കൈയിൽ വെക്കുമ്പോൾ ആലുവയിൽ നിന്നുള്ള ഒരു ഉമ്മ പറഞ്ഞു.
വരണം ഉമ്മ..എല്ലാരും വരണം..












No comments:

Post a Comment